Wednesday, January 26, 2011

anivaryatha

കരയാതിരിക്കാന്‍
കണ്ണുകള്‍  അടച്ചാല്‍ മതിയെന്ന് കരുതി
പക്ഷെ,
അതുപോര !
തുന്നിക്കെട്ടിയാലും പിന്‍ചെയ്താലും
കണ്ണുനീരൊഴുകും  
അതുകൊണ്ട്
കണ്ണുകള്‍ ദാനം ചെയ്തു.
എന്നിട്ടും ഫലമുണ്ടായില്ല.
ഒടുവില്‍
കണ്ണുനീര്‍ ഗ്രന്ഥിയെത്തന്നെ മുറിച്ചുമാറ്റി.
പിന്നീട്..,
കണ്ണുനീര്‍ ഹൃദയത്തിലൂടെ ഒഴുകി.


ഒരല്‍പം കണ്ണുനീര്‍ അത്യാവശ്യമാണ്.
ലിറ്ററിന്
കുറഞ്ഞത് പത്തു രൂപയെങ്കിലും കാണും.
പക്ഷെ,
ഇപ്പോള്‍ വില്പ്പനയില്ലെന്നു 
 അന്വേഷിച്ചപ്പോഴറിഞ്ഞു ..
കാലഹരണപ്പെട്ടതോന്നും വില്‍ക്കാന്‍ പാടില്ലത്രേ.
                    .......................



swapnathinte niram

ഉറക്കം വരാത്ത  രാത്രികളില്‍
ഞാന്‍  എന്റെ സ്വപ്നത്തെ
 വ്യാഖ്യാനിക്കാന്‍ ശ്രമിച്ചു..
എന്റെ സ്വപ്നങ്ങള്‍ക്ക് ...
മഞ്ഞ  നിറമായിരുന്നില്ല..,
ചുവപ്പോ പച്ചയോ വെള്ളയോ
കറുപ്പോ ആയിരുന്നില്ല ...
അതിനു ,
മഴവില്ലിന്റെ നിറമായിരുന്നു ...
പക്ഷെ..,
അതിലൊരു നിറം
കൂടുതല്‍ തിളങ്ങിയിരുന്നു..
അത് നിങ്ങളുടെ സ്വപ്നത്തിലെ
അതേ നിറമായിരുന്നു..
       ---------
                രസിത രാമചന്ദ്രന്‍

seethayanam

ഒടുവില്‍ അവന്‍ പോയി...
ഭീകരമായ ഏകാന്തതയിലേക്ക്
എന്നെ തള്ളിയിട്ടിട്ട് ....
എനിക്കും അവനും ഇടയിലെ
നിശബ്ദതയ്ക്കു
കനം വയ്പ്പിച്ചു കൊണ്ട് ....
ചാറ്റല്‍ മഴയില്‍
നനയാതെ നനഞ്ഞത്  മറന്ന്‍....
ആരണ്യവാസത്തിലെ
മധുരിമകള്‍‍ക്കുമുന്നില്‍ കണ്ണുകള്‍ ഇറുക്കിയടച്ച്‌....
 ഉപേക്ഷിക്കാന്‍
രാജധര്‍മം  മാത്രമായിരുന്നില്ല കാരണം .,
പരപുരുഷസംസര്‍ഗം !
അധീര !
അശക്ത !
അബല !
ഇനിയുമേറെ കുറ്റങ്ങള്‍
തന്റെ പേരില്‍....
അനുചരനായ അനുജന്‍
നിറകണ്ണുകളോടെ യാത്രയായി..
ഇനി തനിച്ച് ...
വീണ്ടും യാത്ര തുടരേണ്ടിയിരിക്കുന്നു...
ഒരിക്കലും തിരിച്ചു വരാത്ത യാത്ര...
ഉത്തരങ്ങള്‍ തേടിയുള്ള യാത്ര...
വൈദേഹി നിശബ്ദയായി തേങ്ങി..
         --------------------
                രസിത രാമചന്ദ്രന്‍

Tuesday, January 25, 2011

maranadoothan

മരണദൂതന്‍
പാളത്തിനു  നടുവിലൂടെ നടക്കുമ്പോള്‍
കൂടെ നീയുണ്ടായിരുന്നു.
ആരോ ഒരാള്‍ തള്ളിമാറ്റിയപ്പോഴാണ്
ഞാന്‍ തനിച്ചാണ് എന്നറിഞ്ഞത് .
അല്ലെങ്കിലും നിനക്ക് അതായിരുന്നല്ലോ ഇഷ്ടം .
ആള്‍ക്കൂട്ടത്തിനിടയിലെക്കു 
നുഴഞ്ഞു കയറുമ്പോഴും
നിന്റെ സാമിപ്യം എന്നെ തനിച്ചാക്കിയിരുന്നു.
കൂട്ടുകാരുടെ ചിരികള്‍ക്കിടയില്‍
നിറഞ്ഞപ്പോഴും
നീ എന്നെ ഏകാന്തതയിലെക്ക്  തള്ളിവിട്ടിരുന്നു .
അങ്ങനെ
സമൂഹത്തിനു നടുവില്‍ ഞാന്‍ അന്യയായി .
സച്ചിദാനന്തനെ  വായിച്ചപ്പോഴാണ്
നീയുണ്ടായിട്ടും തനിച്ചായതിലെ
വൈരുധ്യം മനസ്സിലായത് .
ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍
നീ കൂടെയുണ്ടായിരുന്നുവെന്നു
പിന്നീട് അമ്മ പറഞ്ഞു.
ഒരുനാള്‍ കൂട്ടരോടെത്തിരിക്കെ
ഞാന്‍ ആദ്യമായി നിന്നെക്കണ്ട്  ഭയന്നു  .
എനിക്ക് ഭ്രാന്താണ് എന്നവര്‍ പറഞ്ഞു .
അന്നാണ്
ഭീകരമായ ഏകാന്തത
എന്നെ മൂടുന്നത് ഞാനറിഞ്ഞത്
ഒടുവിലായ് ഒരു ചോദ്യം മാത്രം
ഞാന്‍ ജനിക്കുന്നതിനു മുന്നേ 
നിനക്കെന്നെ തനിച്ചക്കാമായിരുന്നില്ലേ?
         ---------------------
                         രസിത രാമചന്ദ്രന്‍